മുണ്ടക്കയം: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനു നേരേ കാട്ടുപോത്ത് പാഞ്ഞടുത്തതിനെത്തുടർന്ന് ബൈക്കില്‍നിന്നു വീണ് യുവാവിന് പരിക്ക്. പുഞ്ചവയല്‍ ഇഞ്ചക്കുഴി ഇടലപുര ബിജിമോനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഒന്പതോടുകൂടിയായിരുന്നു സംഭവം. മുണ്ടക്കയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ബിജുമോന് ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു ആക്രമണമുണ്ടായത്.
ബൈക്കിനും കേടുപാട് സംഭവിച്ചു. ഉടന്‍തന്നെ വനം വകുപ്പ് അധികാരികളെ വിവരം അറിയിക്കുകയും രാത്രി ഉദ്യോഗസ്ഥരെത്തി ഇവരുടെ വാഹനത്തില്‍ തന്നെ യുവാവിനെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.വി. രതീഷിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അടിയന്തര നടപടികള്‍ സ്വീകരിച്ചു.
24 മണിക്കൂറും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം പ്രദേശത്ത് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പ്രദേശത്ത് പ്രവര്‍ത്തന രഹിതമായി കിടക്കുന്ന സോളാര്‍ ഫെന്‍സിംഗ് വളരെ വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനു തീരുമാനിച്ചതായും അധികൃതര്‍ അറിയിച്ചു.